കോട്ടയം: സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍ ദൈവത്തിന്റെ ചൈതന്യം പകര്‍ന്നു നല്‍കുന്നവരാണെന്ന് കെസിബിസിയുടെ ജസ്റ്റിസ്, പീസ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ 45-ാം വാര്‍ഷിക പൊതുയോഗം കോട്ടയം ആമോസ് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സംസ്ഥാനസര്‍ക്കാരിന്റെ പുതിയ സാമൂഹ്യ ഇടപെടലുകളായ, സ്ത്രീകള്‍ക്കായുള്ള പ്രിയദര്‍ശനി സൗജന്യ ബസ് യാത്രാ പദ്ധതിയും മദ്യ-ലഹരിമാഫിയകള്‍ക്കെതിരേയുള്ള ഓപ്പറേഷന് തൂഫാനും അഭിനന്ദനാര്‍ഹമാണെന്നും ബിഷപ് പറഞ്ഞു. വൈസ് ചെയര്മാന് ബിഷപ് ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെഎസ്എസ്എഫ് മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഫാ. റൊമാന്‍സ് ആന്റണി, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, ജോയിന്റ് സെക്രട്ടറി ഫാ. തോമസ് മടുക്കമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
കെഎസ്എസ്എഫ് വാര്‍ഷിക റിപ്പോര്‍ട്ട് യോഗത്തില്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് ഫാ. ജേക്കബ് മാവുങ്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും പ്രവര്‍ത്തന മിനിറ്റുകളും അവതരിപ്പിച്ചു. ഫിനാന്‍സ് ഓഫീസര്‍ ജെസ്വിന് ജോസ് 2025-26 സാമ്പത്തികവര്‍ഷത്തെ കണക്കുകള്‍ അവതരിപ്പിച്ചു.
ചടങ്ങില്‍ ഫാ. മുത്തോലത്ത് ഫൗണ്ടേഷന് നേച്ചര്‍ ഇക്കോളജി അവാര്‍ഡ് ചങ്ങനാശേരി ചാസിനും, ആര്‍ച്ച് ബിഷപ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് മികച്ച വാര്‍ഷിക റിപ്പോര്‍ട്ട് അവാര്‍ഡ് നെയ്യാറ്റിന്‍കര നിഡ്സിനും, സ്പെഷല്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവാര്‍ഡ് ഇടുക്കി എച്ച് ഡീഎസിനും താമരശേരി സിഒഡിക്കും സമ്മാനിച്ചു.
തുടര്‍ന്നു നടന്ന സെഷനുകളില്‍, കാലാവസ്ഥാ വ്യതിയാനത്തില്‍ സമൂഹ പങ്കാളിത്തവും എന്‍ജിഒകളുടെ പങ്കും എന്ന വിഷയത്തില്‍ കെഎസ്സിഎസ്ടിഇ ഡയറക്ടര്‍ ഡോ. കെ. രാജേന്ദ്രനും, കാലാസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പ്രത്യേക സെഷനില്‍ കാരിത്താസ് ഇന്ത്യയുടെ ദേശീയ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.ആര്. ഹരിദാസും പ്രഭാഷണം നടത്തി.
സേഫ് വിത്തിന് കോ-ഓര്‍ഡിനേറ്റര്‍ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍ സ്വാഗതവും സജോ ജോയി നന്ദിയും രേഖപ്പെടുത്തി.